പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം 🙏
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ബൈലോ

തദ്ദേശ പ്ലാസ്റ്റിക്ക് മാലിന്യ പരിപാലന ഉപ നിയമാവലി

(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ് അന്തിമ ബൈല)

 

പീഠിക

ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 3 അനുച്ഛേദം 21 ജീവനും ജീവിക്കാനും ജീവനോപാധികൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമായ സുരക്ഷിത സുസ്ഥിര പരിസ്ഥിതിക്കുള്ള മൌലികാവകാശം, ഭരണഘടനയുടെ ഭാഗം 4 അനുച്ഛേദം 47 പ്രകാരം പൊതുജനാരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുവാനും ജീവിത നിലവാരം ഉയർത്താനും പരിരക്ഷിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ രാഷ്ട്രത്തിന്റെ ഭരണഘടനാ ഘടകം എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ബാധ്യത, മൌലിക പൌരധർമ്മം സംബന്ധിച്ച ഭരണഘടന വ്യവസ്ഥയായ ഭാഗം IV A (ജി) അനുച്ഛേദം 51എ പ്രകാരം പ്രകൃതിയും പരിസ്ഥിതിയും പരിപാലിക്കാനുള്ള പൌരൻമാരുടെ കടമ എന്നിവയ്ക്ക് പ്രാബല്യം നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഉത്തരവാദിത്വം ഉണ്ട്.

1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ അനുസരിച്ചും 1986ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിൻ കീഴിൽ 2016ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌ത‌ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് ചട്ടങ്ങളുടെ വ്യവസ്ഥകൾ പ്രകാരവും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുള്ള അധികാരവും ഉത്തരവാദിത്തവും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുണ്ട്. സ്വന്തമായോ ഏജൻസികൾ/ഉൽപ്പാദകർ മുഖാന്തിരമോ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനോ നിർമ്മാർജ്ജനം ചെയ്യുന്നതിനോ 222 അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 219 ഇ വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്റ്റ് 330, 333, 334 എന്നി വകുപ്പുകളും അനുസരിച്ച് തദ്ദേശ സ്വയംഭരണ പരിധിയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സ്വത്തായിരിക്കുന്നതും നിർണ്ണയിക്കപ്പെടാവുന്ന രീതികളിൽ അവ നിർമ്മാർജ്ജനം ചെയ്യാനോ സംസ്‌കരിക്കാനോ, അന്തിമമായി അവ നീക്കം ചെയ്യുന്നതിനോ ഉള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായിരിക്കുന്നതുമാണ്. ഇതിനായി കാലാകാലം യുക്തമായും സ്വീകാര്യമായിട്ടുള്ളതുമായ മാർഗ്ഗം അവലംബിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കയ്യൊഴിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനം അധികാരപ്പെട്ടിരിക്കുന്നു.

പൊതുസ്ഥലങ്ങളിലും സ്വകാര്യ പരിസരങ്ങളിലും ശുചീകരണത്തിനും പ്ലാസ്റ്റിക് മാലിന്യ സംഭരണം, ശേഖരണം, പരിവഹണം, സംസ്‌കരണം, നിർമ്മാർജ്ജനം എന്നിവയ്ക്ക് ആവശ്യമായതും ഉചിതമായിട്ടുള്ളതുമായ ഉപാധികൾ ഏർപ്പെടുത്താനും പരിപാലിക്കാനും അവയുടെ നടത്തിപ്പിന് ആവശ്യമെങ്കിൽ ഇത്തരം ഉപാധികൾ ഏർപ്പെടുത്താൻ സ്വകാര്യ വസ്തു ഉടമസ്ഥരോട് നിർദ്ദേശിക്കാനും അതിൻ്റെ നിർവ്വഹണം ഉറപ്പു വരുത്തുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 219 എ, 219 ബി വകുപ്പുകൾ പ്രകാരം അധികാരമുണ്ട്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 219 ബി,219 എച്ച് വകുപ്പുകൾ അനുസരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും ചപ്പുചവറുകളുടെയും നിക്ഷേപം നിയന്ത്രിക്കാനും അങ്ങനെയുള്ളവ നിർമ്മാർജ്ജനം ചെയ്യുവാനും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ട്.

എന്നാൽ അപായകരമായ വ്യവസായ മാലിന്യങ്ങൾ/ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് 1986ലെ പരിസ്ഥിതി (സംരക്ഷണം)നിയമം അനുസരിച്ച് വേറെ ചട്ട വ്യവസ്ഥകൾക്ക് രൂപം നൽകപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി (സംരക്ഷണം) നിയമപ്രകാരം 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌നമെന്റ്റ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശമാലിന്യ സംസ്‌കരണ-പരിപാലനം ശാസ്ത്രീയവും പ്രായോഗികവുമായി നടപ്പിൽ വരുത്തുന്നതിന് യുക്തിഭദ്രവും നീതിപൂർവ്വകവും നിയമാകവുമായ വിധത്തിൽ ജനപങ്കാളിത്തവും സാമൂഹ്യ നിയന്ത്രണവും നിരന്തര നിരാക്ഷണവും സമയബന്ധിത അവലോകനവും അനിവാര്യ പരിഷ്‌കരണവും ഉറപ്പു വരുത്തും വിധം ശരിയായ നിയമ ചട്ടങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. അതനുസരിച്ച് ഉപനിയമാവലികൾ രൂപീകരിക്കാനും വിജ്ഞാപനം ചെയ്യാനും നടപ്പിൽ വരുത്താനും കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 256-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 567-ാം വകുപ്പ് എന്നിവ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെ അധികാരപ്പെടുത്തിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ

ആയതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ താമസക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ എത്തുന്ന സന്ദർശകരും, യാത്രികരും തദ്ദേശസ്വയംഭരണ സ്ഥാപനാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാര - വ്യവസായ വാണിജ്യ സ്ഥാപനങ്ങളും, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും അവയുടെ ഘടകങ്ങളും ഉൽപ്പാദിപ്പിക്കുന്നതും പുറന്തള്ളുന്നതുമായ മാലിന്യങ്ങൽ അലക്ഷ്യമായും അശ്രദ്ധമായും നിക്ഷേപിക്കുന്നത് തടയുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശം വൃത്തിയായും പരിസരി ശുചിത്വമുള്ളതായും സൂക്ഷിക്കുന്നതിനും പൊതു നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ഉത്തരവുകൾക്കെതിരായും വിജ്ഞാപനങ്ങൾ ലംഘിച്ചും ചപ്പു ചവറുകൾ വലിച്ചെറിയുന്നത് നിയന്ത്രിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിർദ്ദിഷ്‌ട രീതിയിൽ വേർതിരിച്ച് ശേഖരിച്ച് സംഭരിച്ച് വ്യവസ്ഥാപിത മാർഗ്ഗത്തിൽ പരിവഹണം ചെയ്യുന്നതിനും നിർണ്ണയിക്കപ്പെടും വിധം സംസ്‌കരിച്ച് കയ്യൊഴിക്കുന്നതിനും ഈവക കാര്യങ്ങളിൽ ജനജാഗ്രതയും പൌരധർമ്മവും പാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുന്നതിനും വേണ്ടി നിയമ - ചട്ടങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിക്ഷിപ്‌തമായിട്ടുള്ള അധികാരങ്ങൾക്ക് വിധേയമായി പട്ടണക്കാട് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് ചട്ടങ്ങളിലെ ചട്ടം 6(4), 12(3) പ്രകാരവും, 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994ലെ 13-ാം ആക്റ്റ്) 219 ഡബ്ല്യു 219 എക്‌സ് വകുപ്പുകളോട് 256 വകുപ്പ് കൂട്ടി വായിച്ച പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ച് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ കരട് ബൈല ..................... തീയതിയിലെ ........................ നമ്പർ തീരുമാനപ്രകാരം പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗീകരിക്കുകയും ............................... തീയതിയിലെ ..................................... നമ്പർ നോട്ടീസ് പ്രകാരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിന് 30 ദിവസത്തെ സമയം നൽകി പ്രസിദ്ധീകരിക്കുകയും നിശ്ചിത ദിവസത്തിനകം ലഭിച്ച ആക്ഷേപങ്ങൾ പരിശോധിച്ചതിൽ/യാതൊരു ആക്ഷേപവും ലഭ്യമാകാത്ത സാഹചര്യത്തിൽ 24.03.20217 തീയതിയിലെ 13-ാം നമ്പർ പ്രകാരം പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗീകരിച്ച ബൈല.

1. ഉദ്ദേശലക്ഷ്യങ്ങൾ

  1. തദ്ദേശസ്വയംഭരണ പ്ലാസ്റ്റിക് മാലിന്യ കൈകാര്യവും പരിപാലനവും, സംസ്‌കരണവും ജനജീവിത ഗുണനിലവാരം, ശുചിത്വം, പരിസ്ഥിതി സന്തുലനം എന്നിവ ഉറപ്പു വരുത്തുംവിധം നവീകരിക്കുക.

  2. ശുചിത്വപൂർണ്ണമായ പരിസ്ഥിതി പരിപാലനം വഴി ഉയർന്ന ആരോഗ്യ നിലവാരമുള്ള ജനജീവിതം സാധ്യമാക്കുക

  3. പൊതുസ്ഥലങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക

  4. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാനും പുനരുപയോഗത്തിനും പുനർനിർമ്മിതിക്കും സംസ്കരണത്തിനും പ്രായോഗികവും ശാസ്ത്രീയവും ആയ ഉപാധികൾ ഉറപ്പാക്കുക

  5. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകൾ, അഴുക്കു ചാലുകൾ, പൊതു ചാലുകൾ, ജലനിർഗ്ഗമന മാർഗ്ഗങ്ങൾ, ജലസ്രോതസ്സുകൾ തുടങ്ങിയവ മലിനീകൃതമാകുന്നതോ, അടയുന്നതോ, ഉപയോഗ ശൂന്യമാകുന്നതോ ആയ സ്ഥിതി ഒഴിവാക്കുക

  6. പൊതു നിരത്തുകൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യ പരിസരങ്ങൾ എന്നിവയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ച് അവ കുന്നുകൂടുന്നതും, വെള്ളക്കെട്ടുണ്ടാകുന്നതും തടയുക.

  7. പ്ലാസ്റ്റിക് മാലിന്യ സംഭരണ- പരിവഹണ ചെലവുകൾ പരമാവധി ചുരുക്കുകയും ശാസ്ത്രീയ ബദലുകൾ നടപ്പാക്കുകയും ചെയ്യുക

  8. പ്ലാസ്റ്റിക് മാലിന്യ ശേഖരണം, സംസ്ക‌രണം, പരിവഹണം എന്നിവ സംബന്ധിച്ച പൊതുവിവര ലഭ്യത, കാര്യ നിർവ്വഹണ സുതാര്യത, സാമൂഹ്യ നിരീക്ഷണ പ്രവർത്തനം, പരാതി പരിഹാര സംവിധാനം എന്നിവ ജനാധിപത്യപരമായി ഉറപ്പു വരുത്തുക

  9. പ്ലാസ്റ്റിക് മാലിന്യ പരിപാലന-സംസ്‌കരണ കൃത്യങ്ങളിൽ ജനകീയ അവബോധവും ആഭിമുഖ്യവും ഉയർത്തുക

  10. പ്ലാസ്റ്റിക് മാലിന്യ പരിപാലന-സംസ്‌കരണ കൃത്യങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഇതര സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ പങ്കാളിത്തവും ഇടപെടലും, ചുമതലയും ഉറപ്പാക്കുക

  11. വിജ്ഞാപനത്തിൻ്റെ നടത്തിപ്പിന് ഫലപ്രദമായ നിർവ്വഹണ-നിരീക്ഷണ-പരിഷ്കരണ ഉപാധികൾക്ക് പ്രാബല്യം നൽകുക

  12. നിർദ്ദിഷ്ട നിയമ-ചട്ട-വിജ്ഞാപനങ്ങളുടെ ലംഘനവും നിഷേധവും തടയാനായി നിയമ-ചട്ട വിരുദ്ധ പ്രവർത്തനങ്ങൾക്ക് തക്കതായ നിയമാനുസൃത മുൻകരുതലോ, പ്രതിവിധിയോ, ശിക്ഷയോ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുക.

  13. കാലാകാലം തത്സംബന്ധമായ പൌരാവകാശരേഖ പ്രസിദ്ധീകരിക്കുകയും നടപ്പിൽ വരുത്തുകയും പരിഷ്ക്കരിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

  14. വിജ്ഞാപന നടത്തിപ്പിൽ അറിയാനുള്ള അവകാശവും സത്വര പരാതി പരിഹാര ഉപാധിയും പ്രാവർത്തികമാക്കുക

  15. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലോഡ്‌ജുകൾ, ഹോസ്റ്റലുകൾ, എക്സിബിഷൻ ഗ്രൌണ്ടുകൾ, അവയുടെ ഘടകങ്ങൾ എന്നിവയുടെ പരിസരവും മഴവെള്ള നിർഗമന ചാലുകൾ, ജലാശയങ്ങൾ, തോടുകൾ, പുഴകൾ, നദികൾ തുടങ്ങിയവയും പ്ലാസ്റ്റിക് രഹിതവും ശുചിയായും പരിരക്ഷിക്കുന്നതിന് അവയുടെ ചുമതലക്കാരെയും അധികാരസ്ഥരെയും ഉത്തരവാദിത്വമുള്ളവരാക്കുക.

2. ചുരുക്കപ്പേരും പ്രാരംഭവും

  1. ചുരുക്കപ്പേര് - ഈ ബൈലയ്ക്ക് 2021ലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈല എന്ന് പേര് പറയാം.

  2. ആരംഭം - ബൈലാ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നടപ്പിൽ വരുന്നതാണ്.

  3. വ്യാപ്തി - ഈ ബൈലയുടെ വ്യാപ്‌തി പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും അതിർത്തിക്കുള്ളിലുമായിരിക്കും.

3. നിർവചനങ്ങൾ

ഈ ബൈലാ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:

a) "റൂൾ" എന്നാൽ കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം എന്നാകുന്നു.

b) "സെക്രട്ടറി" എന്നാൽ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നാകുന്നു.

c) "വർഷം" എന്നാൽ സാമ്പത്തിക വർഷം എന്നാകുന്നു

d) "വാർഡ് സാനിറ്റേഷൻ കമ്മിറ്റി" എന്നാൽ വാർഡ് മെമ്പർ ചെയർമാനായും പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ കൺവീനറായി ഉള്ളതും പൊതുപ്രവർത്തകരിൽ നിന്നും ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന അംഗങ്ങളും ചേർന്നുള്ള കമ്മിറ്റി എന്നാകുന്നു.

e) "ഉറവിടം" എന്നാൽ പ്ലാസ്റ്റിക് കണ്ടെത്തുന്നതോ ഉണ്ടാകുന്നതോ പൊതുവായതോ സ്വകാര്യമായതോ ആയ സ്ഥലം എന്നാകുന്നു.

ഈ ബൈലയിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ പ്രത്യേകം നിർവചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്ക് യഥാക്രമം 1986ലെ കേന്ദ്ര പരിസ്ഥിതി (സംരക്ഷണം) നിയമം, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ്, 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ എന്നിവയിലും നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

4. നിരോധനങ്ങൾ

  1. പരിസ്ഥിതി (ബി) വകുപ്പിൻ്റെ 27.11.2019ലെ സ.ഉ(കൈ) നം.6/2019/പരി., 17.12.2019ലെ സ.ഉ(കൈ)നം.7/2019/പരി., 19.12.2019ലെ സ.ഉ(കൈ) നം.8/2019/പരി., 01.01.2020ലെ സ.ഉ.(സാധാ)നം.1/2020/പരി., 27.01.2020ലെ സ.ഉ.(കൈ)നം.2/2020/പരി., 16.02.2020ലെ സ.ഉ.(കൈ)നം.4/2020/പരി. നമ്പർ സർക്കാർ ഉത്തരവുകൾ പ്രകാരം ഒറ്റത്തവണ മാത്രം ഉപഭോഗം ഉള്ള പ്ലാസ്റ്റിക് വസ്‌തുക്കൾ (ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം കളയുന്നവ) 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ടി ഉത്തരവ് പ്രകാരവും ഇതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകളിലേയും വ്യവസ്ഥകൾ പ്രകാരം നിഷ്‌കർഷിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് വസ്‌തുക്കളുടെയും നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു.

  2. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം (4)ൽ പ്രതിപാദിച്ചിട്ടുള്ള 50 (അമ്പത്) മൈക്രോണിൽ താഴെ കനമുള്ള മറ്റ് പ്ലാസ്റ്റിക് കവറുകൾ, ഷീറ്റുകൾ (ഖണ്ഡിക 4(1) പ്രകാരം നിരോധിച്ചിട്ടില്ലാത്ത) ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു.

5. പൊതുവ്യവസ്ഥ

5 (a). വ്യക്തിഗത ഉത്തരവാദിത്വം

  1. പട്ടണക്കാട് ഗ്രാമപഞ്ചായത്തിൻ്റെ പരിധിക്കുള്ളിൽ നിയമത്തിലെയോ ചട്ടത്തിലെയോ ഈ ബൈലയിലെയോ നിബന്ധനകൾ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഏതൊരാളും നിർമ്മിക്കാനോ സംഭരിക്കാനോ വിൽക്കാനോ പാടുള്ളതല്ല.

  2. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മസേനയ്ക്ക് കൈമാറേണ്ടതാണ്.

  3. വീടുകളിൽ നിലവിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി ഉണക്കി തരംതിരിച്ച് സൂക്ഷിക്കേണ്ടതും വാർഡു സാനിട്ടേഷൻ കമ്മിറ്റിയുടെ/സെക്രട്ടറിയുടെ നിർദ്ദേശാനുസരണം നിശ്ചയിക്കപ്പെടുന്ന കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതോ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മ സേനയ്ക്ക്/ഏജൻസിക്ക് കൈമാറേണ്ടതാണ്. ഇതിനായി പഞ്ചായത്ത് നിശ്ചയിച്ച നിരക്കിലുള്ള യൂസർഫീ ഉത്തരവാദികളായവർ പഞ്ചായത്തിനോ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മസേന‌യ്ക്കോ/ഏജൻസിക്കോ/ഏജൻസികൾക്കോ നൽകേണ്ടതാണ്.

  4. പൊതുപരിപാടികൾ സംഘടിപ്പിക്കുന്ന സംഘാടകർ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വേർതിരിച്ച് 2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ചട്ടം പ്രകാരം സംസ്കരിക്കാവുന്ന മാലിന്യങ്ങൾ അപ്രകാരം പരിപാലിക്കേണ്ടതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗം ഉറപ്പുവരുത്തേണ്ടതും പുനരുപയോഗ സാധ്യമല്ലാത്തവ വൃത്തിയാക്കി കഴുകി ഉണക്കി തരം തിരിച്ച് സൂക്ഷിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിത കർമ്മ സേനയ്ക്ക്/ഏജൻസിക്ക്/ഏജൻസികൾക്ക് കൈമാറേണ്ടതുമാണ്. യാതൊരു കാരണവശാലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർദ്ദിഷ്ട പ്രകാരമല്ലാതെ കൈയൊഴിയാൻ പാടുള്ളതല്ല. ഇത്തരത്തിൽ കൈയൊഴിയുന്നതിന് ഈ ബൈലായുടെ അനുബന്ധം-1ൽ നിശ്ചയിച്ചിട്ടുള്ള യൂസർഫീ ബന്ധപ്പെട്ടവർ ഒടുക്കേണ്ടതാണ്. യൂസർഫീ പഞ്ചായത്തിനോ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മ സേന‌യ്ക്കോ/ഏജൻസിക്കോ/ഏജൻസികൾക്കോ നൽകേണ്ടതാണ്.

  5. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുറസ്സായ സ്ഥലത്ത് ഏത് തരത്തിലും കത്തിക്കാൻ പാടുള്ളതല്ല. ആയത് ലംഘിക്കുന്നവർക്കെതിരെ മാലിന്യ പരിപാലനം/ സംസ്‌കരണം/ നിർമ്മാർജ്ജനം ഇവ ഏതുമായും ബന്ധപ്പെട്ട തുക ബാദ്ധ്യസ്ഥരിൽ നിന്നും ഈടാക്കുന്നതിന് സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

5 (b). ഉല്പാദകരുടെ ഉത്തരവാദിത്വം

  1. വ്യാപാരസ്ഥാപനങ്ങളിൽ പൊതുജനങ്ങൾ കാണത്തക്ക വിധത്തിൽ പ്രാദേശിക ഭാഷയിലും, ഇംഗ്ളീഷ് ഭാഷയിലും "ഇവിടെ പ്ലാസ്റ്റിക് ക്യാരിബാഗുകൾ/കവറുകൾ വിൽക്കുന്നതല്ല" എന്ന ബോർഡ് എഴുതി പ്രദർശിപ്പിക്കേണ്ടതാണ്

  2. പുന: ചംക്രമണം (റീസൈക്കിൾ) ചെയ്‌ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ക്യാരിബാഗുകളിലും, കവറുകൾ, കണ്ടെയ്‌നറുകൾ, പാത്രങ്ങൾ എന്നിവയിലും ഭക്ഷണാവശ്യത്തിന് തയ്യാറാക്കി വച്ച ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ പാക്ക് ചെയ്യാനോ പാടുള്ളതല്ല.

  3. പരിസ്ഥിതി (ബി) വകുപ്പിൻ്റെ 27.01.2020ലെ സ.ഉ(കൈ)നം.2/2020/പരി., 16.02.2020ലെ സ.ഉ(കൈ)നം.4/2020/പരി. എന്നീ നമ്പർ സർക്കാർ ഉത്തരവുകൾ പ്രകാരം അനുവദനീയമായ എല്ലാ കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും പുറത്ത് ടി ഉത്തരവുകൾ പ്രകാരമുള്ള എല്ലാ വിവരങ്ങളും എന്ന് രേഖപ്പെടുത്തേണ്ടതാണ്.

  4. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുകയും, സംഭരിക്കുകയും, വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തികൾ, വീടുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കഴുകി വൃത്തിയാക്കി പുനരുപയോഗം നടത്തേണ്ടതും പുനരുപയോഗം സാധ്യമല്ലാത്തവ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് സൂക്ഷിക്കേണ്ടതും പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മസേനയ്ക്കോ/ഏജൻസിക്കോ/ ഏജൻസികൾക്കോ കൈമാറേണ്ടതുമാണ്. യാതൊരു കാരണ വശാലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൽ ഇപ്രകാരമല്ലാതെ കൈയൊഴിയാൻ പാടുള്ളതല്ല. അത്തരത്തിൽ കൈയൊഴിയുന്നതിന് ഈ ബൈലായുടെ അനുബന്ധം-1ൽ നിശ്ചയിച്ചിട്ടുള്ള യൂസർഫീ ബന്ധപ്പെട്ടവർ ഒടുക്കേണ്ടതാണ്. യൂസർഫീ പഞ്ചായത്തിനോ, പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മ സേനയ്ക്കോ, ഏജൻസിക്കോ/ഏജൻസികൾക്കോ നൽകേണ്ടതാണ്.

  5. പുന:ചംക്രമണം (റീസൈക്കിൾ) ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക്, ലോഹം പൂശിയ (മെറ്റൽ കോട്ടഡ്) മാലിന്യങ്ങൾ, മൾട്ടി ലെയേർഡ് സാഷറ്റുകൾ, പൌച്ചുകൾ, പാക്കേജിംഗ് കവറുകൾ എന്നിവയിൽ വിൽപ്പന നടത്തുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നവർ, ബ്രാൻഡ് ഉടമകൾ. ഉൽപ്പാദകർ എന്നിവർ ഉപയോഗം കഴിഞ്ഞ ഇത്തരം ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാനുള്ള സംവിധാനങ്ങൾ നേരിട്ടോ ഏജൻസി വഴിയോ ഏർപ്പാടാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടുള്ളതല്ല.

  6. 2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്റ് ചട്ടത്തിലെയോ ഈ ബൈലായിലെയോ വ്യവസ്ഥകൾ പ്രകാരം അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിൽപ്പന, വിതരണം, ഉപയോഗം, ശേഖരണം എന്നിവ നടത്തുന്നവർക്കെതിരെ മാലിന്യ പരിപാലനം/സംസ്ക്‌കരണം/നിർമ്മാർജ്ജനം ഇവയേതുമായും ബന്ധപ്പെട്ട തുക ബാധ്യസ്ഥരിൽ നിന്നും ഈടാക്കുന്നതിന് സെക്രട്ടറിക്ക് അധികാരമുണ്ടായിരുന്നതാണ്.

  7. 2016 -ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ് ചട്ടത്തിലെ 9-ാം ചട്ടം പ്രകാരം എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇ.പി.ആർ) നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഓണർമാർ എന്നിവർക്കാണ്.

6. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം - തദ്ദേശസ്വയംഭരണസ്ഥാപനത്തിൻ്റെ ചുമതല

  1. ചട്ടങ്ങളിലെയും ബൈലയിലെയും കാര്യങ്ങളെ സംബന്ധിച്ച് കാര്യനിർവ്വഹണാധികാരി സെക്രട്ടറി ആയിരിക്കും. സെക്രട്ടറിയുടെ അധികാരങ്ങൾ മറ്റ് ഉദ്യോഗസ്ഥർക്ക് രേഖാമൂലം ഏൽപ്പിച്ചുകൊടുക്കുന്നതിന് സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.

  2. പഞ്ചായത്ത് പരിധിക്കുള്ളിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരമാവധി കുറക്കുന്നതിനും പ്രസ്തുത കാര്യത്തിന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്തിന് ചുമതലയുണ്ടായിരിക്കും.

  3. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, നീക്കം ചെയ്യൽ, സംഭരണം, സംസ്ക്കരണം, കൈയൊഴിക്കൽ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തിന് ഇനിപ്പറയുന്ന രീതികൾ പൂർണ്ണമായോ ഭാഗികമായോ സ്വീകരിക്കാവുന്നതാണ്.

    a) ഗ്രാമപഞ്ചായത്ത് ഇതിനായി രൂപീകരിക്കുന്നതോ രൂപീകരിച്ചതോ ആയ ഹരിതകർമ്മസേന/ഏജൻസി മുഖേന

    b) കുടുംബശ്രീ മുഖേന

    c) ശുചിത്വമിഷൻ പട്ടികപ്പെടുത്തുന്ന ഏജൻസികൾ മുഖേന

    d) സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾ/സ്ഥാപനങ്ങൾ/കമ്പനികൾ മുഖേന

  4. പ്രവർത്തനം നടത്തുന്നതിന് ഇവർ ഗ്രാമപഞ്ചായത്തുമായി/നഗരസഭയുമായി കരാറിലേർപ്പെടേണ്ടതാണ്. ഇപ്രകാരം ഏജൻസികളെ തെരഞ്ഞെടുക്കുന്നത് അതത് കാലത്ത് ബാധകമായ പ്രൊക്യൂർമെന്റ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കേണ്ടതാണ്. എന്നാൽ ബൈലോ പ്രകാരം പ്രവർത്തനങ്ങൾ തുടങ്ങി ആദ്യ മൂന്ന് വർഷകാലത്തേയ്ക്ക് ഗ്രാമപഞ്ചായത്തിന് പ്രൊക്യൂർമെൻ്റ് മാനദണ്ഡങ്ങൾക്ക് വിധേയമല്ലാതെ തന്നെ പട്ടികപ്പെടുത്തിയ ഏജൻസികളെ ചുമതലപ്പെടുത്താവുന്നതാണ്.

    4(a). ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഏജൻസികൾ ശുചിത്വമിഷൻ നിശ്ചയിക്കപ്പെടുന്ന നിബന്ധനകൾ കൂടി പാലിക്കാൻ ബാധ്യസ്ഥരായിരിക്കുന്നതാണ്.

  5. ഖണ്ഡിക 6 (3) (a) പ്രകാരമുള്ള ഏജൻസി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിൽ പ്രസ്‌തുത ഏജൻസി 1955-ലെ തിരുവിതാംകൂർ, കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റ് പ്രകാരമോ 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റ് പ്രകാരമോ തത്തുല്യമായ നിയമം മുഖേനയോ രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്.

    5(a). അപ്രകാരം രൂപീകരിക്കുന്ന ഏജൻസി പൂർണ്ണമായും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കേണ്ടതാണ്. അതിനുള്ള നിയന്ത്രണ സംവിധാനവും അധികാരസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് തീരുമാനിക്കാവുന്നതാണ്.

  6. ഏജൻസിയെ പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം, മെറ്റീരിയൽ റിക്കവറി സെൻ്ററിൽ എത്തിക്കൽ, മെറ്റീരിയൽ റിക്കവറി സെൻ്ററിലെ പ്രവർത്തനങ്ങൾ, യൂസർ ഫീ സമാഹരിക്കുക എന്നിവ മാത്രമായോ പുന.ചംക്രമണം (റീസൈക്ലിംഗ്)/സംസ്ക്കരണ പ്രക്രിയ (പ്രോസസ്സിംഗ്)/ കൈയൊഴിയൽ എന്നിവ ഉൾപ്പെടെയോ ഏതെങ്കിലും പ്രവർത്തനം മാത്രമായോ ആയത് ഭാഗികമായി മാത്രമോ ഏൽപ്പിക്കാവുന്നതാണ്.

  7. യൂസർ ഫീ, പ്ലാസ്റ്റിക് വസ്തുക്കളുടെ /അസംസ്‌കൃത വസ്തുക്കളുടെ വിൽപ്പനയിലൂടെ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന തുകകൾ മുതലായവ ഏജൻസിയുടെ ഉപയോഗിക്കാവുന്നതാണ്.

  8. യൂസർ ഫീ സമാഹരിക്കുന്നത് പഞ്ചായത്ത് നിശ്ചയിച്ച് നൽകിയതും പഞ്ചായത്തിന്റെ / നഗരസഭയുടെ മുദ്രപതിച്ചതുമായ അനുബന്ധം-2 പ്രകാരമുള്ള രസീതിൽ ആയിരിക്കേണ്ടതാണ്.

    8(a). ആയതിൻ്റെ ദിനംപ്രതിയുള്ള കണക്കുകളും വരവു ചെലവ് കണക്കുകളും ചുമതലപ്പെടുത്തുന്ന കാര്യദർശി, യഥാവിധി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും കാലാകാലം നിർണയിക്കപ്പെടുന്ന ഓഡിറ്റിന് വിധേയമാക്കേണ്ടതുമാണ്. ഓരോ വേസ്റ്റ് ജനറേറ്റർക്കും യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകേണ്ടതും യൂസർ ഫീ രസീതിൽ ആയതു രേഖപ്പെടുത്തേണ്ടതുമാണ്. യൂസർ ഫീ സമാഹരിച്ചത് സംബന്ധിച്ച വിവരങ്ങൾ അനുബന്ധം-3 ഫോറത്തിൽ രേഖപ്പെടുത്തി ആധികാരികമാക്കേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധം-4 ഫോറത്തിൽ വാർഷിക ഡിസിബി തയ്യാറാക്കേണ്ടതും ആയത് വർഷം അവസാനിച്ച് 15 ദിവസത്തിനകം ഗ്രാമപഞ്ചായത്തിന് സമർപ്പിക്കേണ്ടതുമാണ്.

  9. 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ്റ് ചട്ടത്തിലെ 9-ാം ചട്ടം പ്രകാരം എക്സ്റ്റെന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇ.പി.ആർ.) നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ഉൽപ്പാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഓണർമാർ എന്നിവർക്കാണ്. ആയത് ശരിയായ രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് വരുത്തേണ്ടതാണ്.

  10. ഈ ബൈലായിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ അനുബന്ധങ്ങളും രേഖകളും റിപ്പോർട്ടുകളും ഏത് സമയത്തും പരിശോധിക്കുന്നതിനും പകർപ്പാവശ്യപ്പെടുന്നതിനും ഗ്രാമപഞ്ചായത്തിനും അതിൻ്റെ സെക്രട്ടറിക്കും അധികാരമുണ്ടായിരിക്കുന്നതും ആയവ 2005- വിവരാവകാശ നിയമത്തിലെയോ, 1994- കേരള പഞ്ചായത്ത് രാജ് ആക്റ്റിലെയോ, 1994-ലെ മുനിസിപ്പാലിറ്റി ആക്റ്റിലെയോ വിവരം എന്ന നിർവ്വചനത്തിൻ കീഴിൽ വരുന്നതുമാണ്.

  11. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ് സംബന്ധിച്ച ത്രൈമാസ റിപ്പോർട്ട് ബന്ധപ്പെട്ടവർ അല്ലെങ്കിൽ അതത് ഏജൻസികൾ അനുബന്ധം-6 പ്രകാരമുള്ള ഫോറത്തിൽ ഗ്രാമപഞ്ചായത്തിൽ നൽകേണ്ടതാണ്. ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള റിപ്പോർട്ടുകൾ ജൂലൈ 15 നകവും ജൂലൈ മുതൽ സെപ്‌തംബർ മാസം വരെയുള്ള റിപ്പോർട്ടുകൾ ഒക്ടോബർ 15 നകവും ഒക്ടോബർ മുതൽ ഡിസംബർ മാസം വരെയുള്ള റിപ്പോർട്ട് ജനുവരി 15 നകവും ജനുവരി മുതൽ മാർച്ച് മാസം വരെയുള്ള റിപ്പോർട്ട് ഏപ്രിൽ 15 നകവും നൽകേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുന.ചംക്രമണം ചെയ്യുന്നവരും സംസ്കരിക്കുന്നവരും പ്രതിവർഷ റിപ്പോർട്ട് എല്ലാ വർഷവും ഏപ്രിൽ 30-ന് മുൻപായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ഫോറം 5-ൽ പ്രതിവർഷ റിപ്പോർട്ട് എല്ലാ വർഷവും ജൂൺ 30-ന് മുൻപായി പഞ്ചായത്ത് വകുപ്പ് ഡയറക്ട‌ർക്ക് നൽകേണ്ടതാണ്. വാർഷിക റിപ്പോർട്ടിൻ്റെ ഒരു പകർപ്പ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് സമർപ്പിക്കേണ്ടതാണ്.

  12. 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ് ചട്ടപ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഓരോ ആറുമാസത്തിലും ഉറപ്പുവരുത്തേണ്ടതാണ്.

  13. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ആദ്യഘട്ടത്തിൽ വേർതിരിക്കണം. ഇത്തരത്തിൽ വേർതിരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളോടൊപ്പം മറ്റ് തരത്തിലുള്ള മാലിന്യങ്ങൾ കലർത്തുവാൻ പാടുള്ളതല്ല. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഒരു വാർഡിനോ ഒന്നിലധികം വാർഡുകൾക്കായോ സംഭരണ കേന്ദ്രങ്ങൾ ആവശ്യമുള്ളിടത്തോളം ഏർപ്പെടുത്തേണ്ടതും ഓരോ സംഭരണ കേന്ദ്രങ്ങളിൽ നിന്നും ഏതെല്ലാം ദിവസങ്ങളിൽ ശേഖരിക്കുന്നുവെന്ന് നിശ്ചയിക്കേണ്ടതുമാണ്. ടൗണുകൾ, സിറ്റികൾ എന്നിവയിൽ ഓരോ വ്യാപാര സ്ഥാപനത്തിൽ നിന്നും ശേഖരണം നടത്താവുന്നതാണ്. ടി വിവരങ്ങൾ പൊതുജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്.

  14. പ്ലാസ്റ്റിക് മാലിന്യങ്ങൾ കളക്ഷൻ സെൻ്ററുകളിൽ നിന്നും ശേഖരിച്ച് മെറ്റീരിയൽ റിക്കവറി സെന്ററിൽ എത്തിക്കേണ്ടതും, അവിടെ വച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗ ക്രമത്തിനനുസൃതമായി രണ്ടാംഘട്ട വേർതിരിവ് നടത്തേണ്ടതുമാണ്.

    14(a). മേൽ പ്രഖ്യാപിത പ്രവൃത്തികളിൽ ഇവയ്ക്കാവശ്യമായ ചെലവ് ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ ചുമതലപ്പെട്ട ഏജൻസി യൂസർ ഫീ മുഖേനയോ/മാലിന്യ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നോ വഹിക്കേണ്ടതാണ്.

    14(b). തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതി തീരുമാനപ്രകാരം യൂസർ ഫീ വിഹിതം അഥവാ പദ്ധതി വിഹിതം ഇതിലേയ്ക്കായി വകയിരുത്താവുന്നതാണ്.

  15. വസ്തുക്കൾ വീണ്ടെടുക്കൽ (മെറ്റീരിയൽ റിക്കവറി) സെൻ്ററുകളിൽ ഉപയോഗ ക്രമത്തിനനുസൃതമായി തരം തിരിക്കാനുള്ള സൗകര്യം, ആവശ്യമുണ്ടെങ്കിൽ കഴുകി വൃത്തിയാക്കൽ, പൊടി തട്ടി വൃത്തിയാക്കൽ, മുതലായവയ്ക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. മെറ്റീരിയൽ റിക്കവറി സെൻ്ററുകളിൽ ശുചിത്വ മിഷൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഷെഡിംഗ് മെഷീൻ, കഴുകി വൃത്തിയാക്കുവാനുള്ള മെഷീനുകൾ തുടങ്ങിയവ പഞ്ചായത്തിന് പദ്ധതി നിർവ്വഹണത്തിൽപ്പെടുത്തി സ്ഥാപിക്കാവുന്നതാണ്.

  16. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്ററിൽ വച്ച് ഉപയോഗ ക്രമത്തിനനുസരിച്ച് തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രോസസ്സിംഗിനായി/ റീസൈക്ലിംഗിനായി കൈമാറാവുന്നതാണ്.

    16(a). ലാന്റ് ടാറിങ്ങിന് ഉപയോഗിക്കാവുന്നവ ആയതിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം അപ്രകാരം ഉപയോഗിക്കാവുന്നതാണ്.

    16(b). ഇത്തരത്തിൽ പ്രോസസ്സിംഗ് നടത്തുന്ന കേന്ദ്രങ്ങൾ 2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നവയായിരിക്കണം.

    16(c). മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്ററിൽ സ്വീകരിക്കുന്നത് മുതൽ കൈയൊഴിയുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും അനുബന്ധം-5 ആയി നൽകിയിരിക്കുന്ന ഫോറത്തിൽ രേഖപ്പെടുത്തേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധം -6 കൂടി തയ്യാറാക്കേണ്ടതുമാണ്.

    16(d). വില ലഭിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ സൌജന്യമായി ഫീസ് നൽകി കയ്യൊഴിക്കേണ്ട മാലിന്യങ്ങൾ അപ്രകാരവും കൈമാറാവുന്നതാണ്.

  17. സംസ്ക‌രിച്ചതോ അല്ലാത്തവയോ ആയ ഉൽപ്പന്നങ്ങൾ/അസംസ്കൃത വസ്തുക്കൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്താൽ നിർണ്ണയിക്കപ്പെടുന്ന വിധത്തിൽ കൈയ്യൊഴിക്കാവുന്നതാണ്.

    17(a). റീസൈക്കിൾ ചെയ്യാനാവാത്ത ഉൽപ്പന്നങ്ങൾ ലാൻ്റ് ടാറിംഗ് മുതലായവക്കായി ഉപയോഗപ്പെടുത്തുകയോ മറ്റ് അംഗീകൃത രീതിയിലോ കൈയ്യൊഴിക്കാവുന്നതാണ്.

  18. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്റർ/പ്രോസസ്സിംഗ് യൂണിറ്റുകൾ/ റീസൈക്ലിംഗ് പാർക്കുകൾ എന്നിവയിലെ എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദപരമാണെന്ന് ഗ്രാമപഞ്ചായത്ത് ഉറപ്പ് വരുത്തേണ്ടതാണ്.

    18(a). ആയതിനുള്ള നടപടിക്രമവും അധികാരസ്ഥവും ചട്ടപ്രകാരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനെ ഏൽപിക്കാവുന്നതാണ്.

7. ശിക്ഷാനടപടി

(പിഴശിക്ഷാ തുക നിയമവിധേയമായി നിജപ്പെടുത്തേണ്ടതാണ്)

 

  1. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം, 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം എന്നിവ പ്രകാരം ബൈലായിലെ വ്യവസ്ഥകളുടെ ലംഘനങ്ങൾക്ക് ബന്ധപ്പെട്ട നിയമത്തിലോ ചട്ടത്തിലോ പരാമർശിച്ചിട്ടുള്ള ശിക്ഷകൾ ബാധകമായിരിക്കുന്നതാണ്.

  2. ബൈലായിലെ വ്യവസ്ഥകളുടെ ലംഘനങ്ങൾക്ക് ബാധ്യസ്ഥരായ വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും 27.11.2019-ലെ സ.ഉ.(കൈ)നം.6/2019/പരി. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം താഴെപ്പറയുന്ന മുറയ്ക്ക് പഞ്ചായത്ത് /നഗരസഭ സെക്രട്ടറിയ്ക്ക് പിഴ ഈടാക്കാവുന്നതാണ്.

    • ആദ്യതവണ ലംഘിക്കുന്നതിന് - 10,000/- രൂപ

    • രണ്ടാം തവണ ലംഘിക്കുന്നതിന് - 25,000/- രൂപ

    • തുടർന്നുള്ള ലംഘനത്തിന് - 50,000/- രൂപ

      (തുടർന്ന് പ്രവർത്തനാനുമതി റദ്ദാക്കുന്നതാണ്)

       

  3. ബൈലാ പ്രകാരം മാലിന്യ പരിപാലനം/സംസ്ക്‌കരണം/നിർമ്മാർജ്ജനം ഇവയേതുമായും ബന്ധപ്പെട്ട തുക, ഫീസ് മുതലായവ നികുതി, കുടിശ്ശിക എന്നതുപോലെ ഈടാക്കാവുന്നതാണ്.

  4. തുക ഈടാക്കുന്നത് കൂടാതെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയോ, പൊതുജന താൽപര്യത്തിനായി ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകിയിട്ടുള്ള അനുമതി റദ്ദാക്കുകയോ അത്തരം സ്ഥാപനങ്ങളുടെ അനുമതിക്കുള്ള അപേക്ഷ ഒരു നിശ്ചിത കാലത്തേയ്ക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് നിരാകരിക്കുവാൻ തീരുമാനിക്കുകയോ ചെയ്യാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

    4(a). അപ്രകാരമുള്ള യാതൊരു ശിക്ഷാനടപടിയും യുക്തമായ നിയമ നടപടിക്രമം പാലിച്ചും കേൾക്കപ്പെടാനുള്ള അവസരം ഉറപ്പാക്കിയുമായിരിക്കണം ബാധകമാക്കേണ്ടത്.

    4(b). 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം, 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം എന്നിവ പ്രകാരമുള്ള അപ്പീൽ അവസരം ഇത്തരം നടപടികൾക്ക് ബാധകമായിരിക്കുന്നതും അപ്പീൽ തീർപ്പിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം വിധേയമായിരിക്കുന്നതുമാണ്.